തിരുവനന്തപുരം: ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജ മദ്യത്തിന്റെ ഉത്പാദനം, കടത്ത്, വിൽപന, മയക്ക് മരുന്നുകളുടെ കടത്ത്, വിൽപന, ഉത്പാദനം എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 20 വരെ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടപ്പാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു.
ബാർ, ഹോട്ടലുകൾ/ബിയർ ആൻഡ് വൈൻ പാർലറുകൾ/ആയുർവേദ വൈദ്യശാലകൾ, കള്ള് ഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
ജില്ലയെ രണ്ടു മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിർത്തികളിലൂടെയുള്ള സ്പിരിറ്റ്, വ്യാജമദ്യം/മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയും ബോർഡർ പട്രോളിങും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
വ്യാജമദ്യ ഉത്പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈൻ/അരിഷ്ടം നിർമാണം, വിതരണം തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ചും മയക്ക് മരുന്നുകളുടെ കടത്തും വിൽപനയും സംബന്ധിച്ചുമുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുകളിൽ അറിയിക്കാവുന്നതാണ്.
ജില്ലാ കൺട്രോൾ റൂം (ട്രോൾ ഫ്രീ നമ്പർ 18004251727) 0471 2473149