കോഴിക്കോട്: കേരളത്തിൽ ഇത്തവണയും എൽ.ഡി.എഫ്. ഒരേയൊരു സീറ്റിലൊതുങ്ങി. കനത്ത തോൽവി നേരിട്ട മുന്നണിക്ക് പിടിച്ചുനിനിൽക്കാനായത് ആലത്തൂരിൽ മാത്രം.
ആലത്തൂരിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും സംസ്ഥാന മന്ത്രിയുമായ കെ. രാധാകൃഷ്ണൻ തുടക്കം മുതൽ ലീഡ് നിലനിർത്തിയാണ് ജയിച്ചുകയറിയത്. മറ്റു 17 സീറ്റുകളിൽ യു.ഡി.എഫും തൃശൂരിൽ ബി.ജെ.പിയും തുടക്കം മികച്ച മുന്നേറ്റം നടത്തിയപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ലീഡ് മാറിമാറി വന്ന് എൽ.ഡി.എഫിന് അവസാര നിമിഷം വരെ വിജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അവസാനം യു.ഡി.എഫിലെ അടൂർ പ്രകാശ് 1708 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയപ്പോൾ ആ പ്രതീക്ഷയും കൈവിട്ടു.
2019ലെ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. ആലപ്പുഴ. എന്നാൽ ഇത്തവണ അവിടെ കോൺഗ്രസിന്റെ ദേശീയ നേതാവ് കെ.സി. വേണുഗോപാൽ സിറ്റിംഗ് എം.പി എ.എം. ആരിഫിനെ തോൽപ്പിച്ചു. കഴിഞ്ഞ തവണ എൽ.ഡി.എഫ്, പ്രത്യേകിച്ച് സി.പി.എം തോൽവിയുടെ ജാള്യത മറയ്ക്കാൻ ശ്രമിച്ചത് ‘കനൽ ഒരു തരി മതി’ എന്ന പ്രചാരണത്തിലൂടെയാണ്. ഇത്തവണയും അവർക്ക് അതുതന്നെ പറയേണ്ടിവരും.