ന്യൂഡൽഹി: പഗ്ല നദി വഴി ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച മൊബൈൽ ഫോണുകൾ ബിഎസ്എഫ് ശനിയാഴ്ച പിടിച്ചെടുത്തു. ബിഎസ്എഫിന്റെ എഴുപതാം ബറ്റാലിയനാണ് ദക്ഷിണ ബംഗാൾ അതിർത്തിയിൽ നിന്ന്, പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ അടച്ച് വാഴത്തണ്ടിൽ കെട്ടിയ 300 ലധികം മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.
ബംഗ്ലാദേശിലേക്ക് ഒഴുകുന്ന പഗ്ല നദിയിലൂടെ വാഴത്തണ്ടിൽ കെട്ടിയ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഒഴുകിനടക്കുന്നത് ലോധിയയിലെ ബോർഡർ ഔട്ട്പോസ്റ്റിലെ ജവാൻമാർ കണ്ടു. ഉടൻ തന്നെ അവർ നദിയിൽ ഇറങ്ങി അവയെടുത്തു. വിവിധ കമ്പനികളുടെ 317 മൊബൈൽ ഫോണുകളാണ് കണ്ടെടുത്തത്. ഇവയ്ക്ക് 38.83 ലക്ഷം രൂപയോളം വില വരുമെന്ന് ബിഎസ്എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ നടപടികൾക്കായി ഫോണുകൾ പൊലീസിന് കൈമാറി.