യുഎഇ എംബസിയുടെ മറവില്‍ മുന്‍ മന്ത്രി എ കെ ബാലന്റ മകന്റെ ഭാര്യയില്‍ നിന്നും പണം തട്ടിയെടുക്കന്‍ ശ്രമമെന്ന് പരാതി. പെര്‍മിറ്റ് അനുമതിയുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് ബാലന്റെ മരുമകള്‍ നമിത പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ സൈബര്‍ സെല്ല് കേസെടുത്തു.
മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്റെ മകനും മരുമകളുമാണ് പരാതിയുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനാണ് യുഎഇയിലുണ്ടായിരുന്ന മകന് പ്രമോദും മരുമകള്‍ നമിതയും കേരളത്തിലെത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഇരുവര്‍ക്കും മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. മരുമകള്‍ നമിതയുടെ വിസാ കാലാവധി കഴിയുന്നതോടെയാണ് മടങ്ങിപ്പോകാനുള്ള ശ്രമം ഓണ്‍ലൈനായി തുടങ്ങിയത്.
അയച്ച മെയിലിനുള്ള മറുപടിയിലാണ് ഓണ്‍ലൈന്‍ പെര്‍മിറ്റിന് പണം ആവശ്യപ്പെട്ടത്. പതിനാരായിരത്തി ഒരുനൂറു രൂപ നല്‍കാനായിരുന്നു ആവശ്യം.
സംശയം തോന്നിയതോടെയാണ് കുടുംബം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. admin@uaeembassy.in എന്ന വിലാസത്തില്‍ നിന്നായിരുന്നു ഇ മെയില്‍ വന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത സൈബര്‍ സെല്ല് അന്വേഷണം തുടങ്ങി.
