തിരുവനന്തപുരം: കാട്ടാക്കടയിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ വച്ച് ചുട്ടുകൊല്ലാൻ ശ്രമം. കാട്ടാക്കട അമ്പലത്തുംകാലയിൽ താമസിക്കുന്ന കുടുംബത്തിന് നേരെ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും വിമുക്തഭടനുമായ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടമ്മയും മകളും ചെറുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ വീട്ടിലേക്ക് ഇന്ധനവുമായി എത്തിയ അജയകുമാർ ജനലിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാർ രക്ഷപ്പെടാതിരിക്കാൻ വീടിന്റെ മുൻ വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. എന്നാൽ മുറിക്കുള്ളിൽ തീ പടരുന്നത് കണ്ട വീട്ടുകാർ ഉടൻ പിൻ വാതിൽ വഴി പുറത്തേക്ക് ഓടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം, വീട്ടിലെ വസ്ത്രങ്ങളും ഫർണിച്ചറുകളും കത്തിനശിച്ചു.
മാസ്ക് ധരിച്ചെത്തിയാണ് അജയകുമാർ തീയിട്ടതെന്നാണ് വിവരം. സ്വത്ത് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാൾ മുമ്പ് ബലാത്സംഗ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.