
മനാമ: ഏപ്രില്‍ 5ന് ബഹ്റൈനിലെ ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി) കേന്ദ്രത്തിനു നേരെ നടന്ന ഇറാനിയന്‍ ആക്രമണത്തില്‍ യുദ്ധക്കുറ്റത്തിന് തുല്യമായ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇസ ഹസ്സന് അല്‍ ഖത്തന്‍ അറിയിച്ചു.
അപകടമുണ്ടാക്കുന്ന വസ്തുക്കളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടിക്രമങ്ങളും മുന്‍കരുതല്‍ നടപടികളും ഉടനടി സ്വീകരിച്ചിട്ടുണ്ട്. സാഹചര്യം നിയന്ത്രിക്കുന്നതിലും പൊതുജന സുരക്ഷ നിലനിര്‍ത്തുന്നതിലും ഈ നടപടികള്‍ ഫലപ്രദമാണ്.
രണ്ടാം ഘട്ട അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായും ഏത് സാഹചര്യത്തെയും നേരിടാനുള്ള പൂര്‍ണ്ണ സന്നദ്ധതയോടെയും പ്രവര്‍ത്തനങ്ങള്‍ നടത്തും. ജനങ്ങളുടെ സുരക്ഷ മുന്‍ഗണനയായി ഉറപ്പാക്കാനും ബദല്‍ താമസ സൗകര്യങ്ങളൊരുക്കാനും പണികള്‍ പൂര്‍ത്തിയാകുന്നതുവരെയും സ്ഥിതിഗതികള്‍ സുരക്ഷിതമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെയും ജനങ്ങള്‍ക്ക് എല്ലാ ആവശ്യങ്ങളും സേവനങ്ങളും ഉറപ്പാക്കാനുമുള്ള മുന്‍കരുതല്‍ നടപടിയായാണ് സ്ഥലത്തിനു സമീപമുള്ള പ്രദേശം ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ക്ക് ജലീല അല്‍ സയ്യിദ് എം.പി. പിന്തുണ പ്രഖ്യാപിച്ചു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വരാനിരിക്കുന്ന ഘട്ടത്തില്‍, പ്രത്യേകിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ജാഗ്രത ആവശ്യമാണ്. പ്രദേശവാസികള്‍ കാണിച്ച സഹകരണത്തെയും ധാരണയെയും അവര്‍ പ്രശംസിച്ചു.
ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെ നിരവധി പ്രദേശവാസികള്‍ അഭിനന്ദിച്ചു.


