റിപ്പോർട്ട്: സുജീഷ് ലാൽ
കൊട്ടിയം: മാതാവിനേയും ഭാര്യയേയും 7 മാസം പ്രായമായ കുഞ്ഞിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. തഴുത്തല, കാറ്റാടിമുക്ക്, ലിബിൻ ഭവനിൽ, ലൈജു മകൻ ലിബിൻ (24) ആണ് കൊട്ടിയം പോലീസിന്റെ പിടിയിൽ ആയത്. മറ്റ് സ്ത്രീകൾ നിരന്തരമായി പ്രതിയുടെ ഫോണിലേക്ക് വിളിക്കുന്നത് ഭാര്യ ചോദ്യം ചെയ്യ്തിരുന്നു. ഈ വിരോധത്തിൽ 19.07.2022 രാത്രി 8 മണിയോടെ മദ്യപിച്ച് വീട്ടിൽ എത്തിയ പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നു.
7 മാസം മാത്രം പ്രായമായ കുഞ്ഞിന് പാലു കൊടുത്തുകൊണ്ടിരുന്ന ഭാര്യയെ ഇയാൾ അസഭ്യം വിളിക്കുകയും കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു. തടയാൻ ശ്രമിച്ചപ്പോൾ കുഞ്ഞിനേയും ഭാര്യയേയും ചീത്ത വിളിച്ചുകൊണ്ട് ബലമായി പിടിച്ച് തള്ളുകയും വിറക് തടി കൊണ്ട് കൈയ്യിലും മുതുകിലും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു. വീഴ്ചയിൽ കുഞ്ഞിന്റേയും ഭാര്യയുടേയും തല ഭിത്തിയിൽ ഇടിച്ച് പരിക്ക് പറ്റി. ഇതു കണ്ട് തടയാൻ ശ്രമിച്ച മാതാവിനേയും പ്രതി വിറക് തടി കൊണ്ട് ആക്രമിച്ചു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാതാവ് കൊട്ടിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.

ഇയാൾ മുമ്പും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. കൊല്ലം സിറ്റി പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സി, എസ്.ഐ ഷിഹാസ്, എ.എസ്.ഐ ബിജു, സി.പി.ഓ ചന്ദു, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.