
വി. അബ്ദുല്‍ മജീദ്
കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ പോരിനു മൂര്‍ച്ചകൂട്ടി മുന്നണികള്‍. വിശ്രമമില്ലാത്ത പ്രചാരണങ്ങളിലാണ് മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍.
പോരാട്ടത്തിന്റെ ആദ്യനാളുകളില്‍ വികസനത്തിലും ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലുമൊക്കെ ഊന്നിയായിരുന്നു മുന്നണികളുടെ പ്രചാരണം. പത്തു വര്‍ഷത്തെ തങ്ങളുടെ ഭരണം കേരളത്തില്‍ വന്‍ വികസനമുണ്ടാക്കി എന്ന അവകാശവാദവുമായാണ് എല്‍.ഡി.എഫ്. കളത്തിലിറങ്ങിയത്. വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി അതിനെ പ്രതിരോധിച്ചും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കൊണ്ടുവരുന്ന വലിയതോതിലുള്ള വികസനത്തെക്കുറിച്ച് സംസാരിച്ചുമാണ് യു.ഡി.എഫ്. കളംനിറഞ്ഞത്. അതിനിടയിലും ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം സജീവമാക്കിനിര്‍ത്താന്‍ യു.ഡി.എഫ്. ശ്രദ്ധിച്ചിരുന്നു. എന്‍.ഡി.എ. ആകട്ടെ, കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ വികസന മുന്നേറ്റങ്ങളിലൂന്നിയും പരോക്ഷമായി ഹിന്ദുത്വ അജണ്ട അവതരിപ്പിച്ചും കളത്തിലിറങ്ങുകയും ചെയ്തു.
തൊട്ടുപിറകെ വിവാദങ്ങളുടെ ദിനങ്ങളായിരുന്നു. വിവിധ പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളുടെ കൂടുമാറ്റവും ചില വെളിപ്പെടുത്തലുകളുമൊക്കെ വിവാദങ്ങള്‍ക്ക് വീര്യം കൂട്ടി. എന്നാല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വര്‍ഗീയ ബന്ധങ്ങള്‍ സംബന്ധിച്ച ആരോപണ- പ്രത്യാരോപണങ്ങള്‍ മേല്‍ക്കൈ നേടുകയായിരുന്നു.
തുടക്കം മുതല്‍ തന്നെ എല്‍.ഡി.എഫിനെതിരെ, വിശേഷിച്ച് സി.പി.എമ്മിനെതിരെ ബി.ജെ.പി- ആര്.എസ്.എസ്. ബന്ധം യു.ഡി.എഫ്. ആരോപിച്ചുതുടങ്ങിയിരുന്നു. എല്‍.ഡി.എഫ്. വിട്ട് യു.ഡി.എഫിനൊപ്പം ചേര്‍ന്ന് ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയ പി.വി. അന്‍വര്‍ ഈ ബന്ധം സംബന്ധിച്ച് ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ യു.ഡി.എഫിന് വലിയൊരു ആയുധമായിരുന്നു. അതിനെ പ്രതിരോധിക്കാന്‍ എല്‍.ഡി.എഫ്. ഏറെ പാടുപെടുന്ന അവസ്ഥയുണ്ടായി.
തിരിച്ച് എല്‍.ഡി.എഫ്. തുടക്കം മുതല്‍ തന്നെ യു.ഡി.എഫിനെതിരെ ഉന്നയിച്ചുപോരുന്ന ഒരു ആരോപണമാണ് ജമാഅത്തെ ഇസ്ലാമി ബന്ധം. കഴിഞ്ഞ ലോക്സഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം. ഏറെക്കാലം ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിനെ പിന്തുണച്ചതു ചൂണ്ടിക്കാട്ടി യു.ഡി.എഫ്. അതിനെ പ്രതിരോധിക്കുകയുമുണ്ടായി.
അങ്ങനെ പലതരം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരംഭിച്ച പ്രചാരണം അവസാനഘട്ടത്തില്‍ മറ്റു വിഷയങ്ങളെ അവഗണിച്ച് വര്‍ഗീയ സംഘടനകളുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. എല്‍.ഡി.എഫ്- ബി.ജെ.പി. ‘ഡീല്‍’ യു.ഡി.എഫ്. തുടര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്. തിരിച്ച് യു.ഡി.എഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം എല്‍.ഡി.എഫും പ്രചാരണത്തില്‍ സജീവമാക്കിനിര്ത്തുന്നു.
പേരാമ്പ്ര മണ്ഡലത്തില്‍ മുസ്ലിംലീഗിലെ ഫാത്തിമ തഹ്ലിയ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും മുന്നണി കണ്‍വീനറുമായ ടി.പി. രാമകൃഷ്ണന് കനത്ത വെല്ലുവിളി ഉയര്‍ത്തിയതോടെ ഫാത്തിമ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന പ്രചാരണം കടുപ്പിച്ചിരിക്കുകയാണ് എല്‍.ഡി.എഫ്. ഫാത്തിമയ്ക്കു വേണ്ടി ലീഗുകാര്‍ മതം പറഞ്ഞ് വോട്ടുപിടിക്കുന്നുണ്ടെന്ന ആരോപണം എല്‍.ഡി.എഫുകാര്‍ പ്രചാരണ വാഹനം വഴി ഉന്നയിച്ചത് പുറത്തുവന്നതിനെ തുടര്‍ന്ന് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും കമ്മീഷന് രാമകൃഷ്ണന് നോട്ടീസ് അയയ്ക്കുകയുമുണ്ടായി. തിരിച്ച് എല്‍.ഡി.എഫിന്റെ പരാതിയില്‍ ഫാത്തിമ തെഹ്ലിയയ്ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ചിലയിടങ്ങളില്‍ എല്‍.ഡി.എഫിനെ എസ്.ഡി.പി.ഐ. പിന്തുണയ്ക്കുമെന്ന സൂചന ലഭിച്ചത് പ്രചാരണത്തെ ഒന്നുകൂടി ചൂടുപിടിപ്പിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന്റെ എസ്.ഡി.പി.ഐ. ബന്ധം യു.ഡി.എഫ്. ആവര്‍ത്തിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എസ്.ഡി.പി.ഐ. ബന്ധം തുറന്നു സമ്മതിക്കാനോ അതേസമയം അവരുടെ വോട്ട് വേണ്ടെന്നു പറയാനോ പറ്റാത്ത അവസ്ഥയിലാണ് എല്‍.ഡി.എഫ്.
രണ്ടു മുന്നണികളിലും ന്യൂനപക്ഷ പ്രീണനം ആരോപിച്ച് ഹിന്ദുത്വ അജണ്ട ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടത്തിപ്പോന്ന പാരമ്പര്യമുള്ള ബി.ജെ.പിക്ക് അക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വലിയൊരു തടസ്സമായിമാറിയിട്ടുണ്ട്. അത്തരം പ്രചാരണങ്ങള്‍ നടത്താന്‍ വലിയ തടസ്സം നേരിടുന്നതിന്റെ പ്രതിസന്ധിയിലാണവര്‍. ഇടയ്ക്ക് ഗുരുവായൂര്‍ മണ്ഡലത്തില്‍ ഹിന്ദു എം.എല്‍.എ. വേണമെന്ന അവിടുത്തെ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി. നേതാവുമായ ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശം പരാതിയായി തെരഞ്ഞെടുപ്പ് കമ്മീഷണന് മുന്നിലെത്തുകയും കമ്മീഷന് നടപടിയിലേക്ക് നീങ്ങുകയും ചെയ്തത് എന്‍.ഡി.എയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് മോദിയുടെ വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ എന്‍.ഡി.എയുടെ പ്രചാരണം.


