തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് എം.എൽ.എമാർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനം. എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം.ജോൺ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, പി.കെ. ബഷീർ, കെ.കെ. രമ ഉമ തോമസ് എന്നിവർ സംയുക്ത പ്രസ്താവന പുറത്തിറക്കി.
അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ തുടർച്ചയായി അനുമതി നിഷേധിച്ചതിനാലാണ് പ്രതിഷേധം ചെയ്തതെന്നും, യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ച എംഎൽഎമാർക്കെതിരെ വാച്ച് ആന്‍ഡ് വാര്‍ഡ് ബല പ്രയോഗം നടത്തുകയായിരുന്നുവെന്നും പ്രതിപക്ഷ എംഎൽഎമാർ സംയുക്ത പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
ആക്രമിക്കപ്പെട്ട പ്രതിപക്ഷ എം.എൽ.എമാർ നൽകിയ പരാതിയിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഡെപ്യൂട്ടി ചീഫ് മാർഷലും വാച്ച് ആൻഡ് വാർഡും നൽകിയ പരാതികളിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നതിനു പുറമേ നീതി നിഷേധത്തിന് പൊലീസും കൂട്ടുനിൽക്കുകയാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത് പാടില്ലെന്നും എംഎൽഎമാർ പറയുന്നു.