
മനാമ: കഴിഞ്ഞ ഒക്ടോബറില്‍ ബഹ്റൈനില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ സംഘാടനം നിര്‍വഹിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വളണ്ടിയര്‍മാരെയും കായിക- യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഖലീഫ സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ജി.എസ്.എ. സി.ഇ.ഒ. ഡോ. അബ്ദുറഹ്മാന് അസ്കര്‍, ബി.ഒ.സി. സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹെജി എന്നിവര്‍ പങ്കെടുത്തു.
ബഹ്റൈന്‍ എപ്പോഴും ദേശീയ പ്രതിഭകളെ ആശ്രയിക്കുന്നുണ്ടെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് ചടങ്ങില്‍ പറഞ്ഞു. എല്ലാ സംഘാടകരും പ്രകടിപ്പിച്ച ശക്തമായ ദേശീയ മനോഭാവത്തില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും പരിപാടിയുടെ വിജയത്തിന് സംഭാവന നല്കിയ എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.
ഗെയിംസിന്റെ പ്രധാന നിമിഷങ്ങളും പരിപാടിക്ക് മുമ്പും ശേഷവുമുള്ള സംഘാടക സമിതികളുടെ പ്രവര്‍ത്തനങ്ങളും ചിത്രീകരിച്ച സിനിമ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മത്സരങ്ങളും സമ്മാന നറുക്കെടുപ്പുകളും നടന്നു.


