
തിരുവനന്തപുരം: നിരാഹാര സമരം നടത്തിയിട്ടും തിരിഞ്ഞുനോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാന്‍ ആശാ വര്‍ക്കര്‍മാരുടെ തീരുമാനം. സമരം 50 ദിവസം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 31ന് സെക്രട്ടറിയേറ്റ് നടയില്‍ മുടി മുറിച്ച് പ്രതിഷേധിക്കാനാണ് സമരസമിതി തീരുമാനിച്ചത്.
ആശമാരുടെ ആവശ്യങ്ങളോട് മുഖംതിരിഞ്ഞു നില്ക്കുന്ന സര്‍ക്കാരിന്റെ സമീപനം അങ്ങേയറ്റം ഖേദകരമാണെന്ന് സമരസമിതി ആരോപിച്ചു. മാന്യമായ ഒത്തുതീര്‍പ്പുണ്ടാക്കി സമരം തീര്‍ക്കാന്‍ നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഫെബ്രുവരി 10നാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരമാരംഭിച്ചത്. പിന്നീട് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരാഹാര സമരം തുടങ്ങുകയായിരുന്നു.
