
മനാമ: അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവിന്റെ പെണ്മക്കളായ ലെയ്ല അലിയേവയും അര്‍സു അലിയേവയും പ്രസിഡന്റിന്റെ അസിസ്റ്റന്റ് അനാര്‍ അലക്ബറോവും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ സഖിര്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ചു.
‘മദര്‍ നേച്ചര്‍’ ഇന്റര്‍നാഷണല്‍ ആര്‍ട് എക്സിബിഷനില്‍ പങ്കെടുക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്സ് ചെയര്മാന് ഷെയ്ഖ് റാഷിദ് ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ ക്ഷണപ്രകാരം അവര്‍ ബഹ്റൈന്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു കൂടിക്കാഴ്ച. ബഹ്റൈന്റെ തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ലെയ്ലയും അര്‍സു അലിയേവയും പ്രസിഡന്റ് അലിയേവിന്റെ ആശംസകളും അഭിനന്ദനങ്ങളും രാജാവിനെ അറിയിച്ചു.
ലെയ്ലയെയും അര്‍സു അലിയേവയെയും രാജാവ് സ്വാഗതം ചെയ്യുകയും ബഹ്റൈനില്‍ അവര്‍ക്ക് സന്തോഷകരമായ താമസം ആശംസിക്കുകയും ചെയ്തു. അസര്ബൈജാന് ജനതയ്ക്ക് കൂടുതല്‍ വികസനവും സമൃദ്ധിയും ആശംസിച്ചുകൊണ്ട് അസര്ബൈജാന് പ്രസിഡന്റിന് രാജാവ് ആശംസകള്‍ നേര്‍ന്നു.
