ന്യൂഡൽഹി : മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റ് ഒഴിവാക്കണമെന്ന താണ്ഡവ് വെബ് സീരീസ് സംവിധായകൻ, അഭിനേതാക്കൾ, ആമസോൺ പ്രൈം ഇന്ത്യ മേധാവി അപർണ പുരോഹിത് എന്നിവരുടെ ആവശ്യം സുപ്രീം കോടതി ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർഎസ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. “നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം കേവലമല്ല. അതിന്റെ പേരിൽ ഒരു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്താൻ ആർക്കും സാധിക്കില്ല,” ബെഞ്ച് പറഞ്ഞു.
സഫർ, പുരോഹിത് എന്നിവരെ കൂടാതെ നിർമ്മാതാവ് ഹിമാൻഷു മെഹ്റ, ഷോയുടെ എഴുത്തുകാരൻ ഗൌരവ് സോളങ്കി, നടൻ മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവർ ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെതിരെ മൂന്ന് പ്രത്യേക ഹർജികൾ നൽകിയിരുന്നു. ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) 153 എ, 295 വകുപ്പുകൾ പ്രകാരം മതവികാരം വ്രണപ്പെടുത്തുന്നതിനും മതത്തെ അപമാനിക്കുന്നതിനും എതിരായ ക്രിമിനൽ കേസുകൾ വെബ് സീരീസ് നേരിടുന്നുണ്ട്.