ബെംഗളൂരു: കൈക്കൂലി കേസിൽ അറസ്റ്റിലായതിന് പിന്നാലെ ബി.ജെ.പി എം.എൽ.എയുടെ മകന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആറ് കോടി രൂപ കണ്ടെടുത്തു. കർണാടക ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽ നിന്നാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘം പണം പിടിച്ചെടുത്തത്. കൂമ്പാരമായി കൂട്ടിയിട്ട പണം ഉദ്യോഗസ്ഥർ എണ്ണുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ചീഫ് അക്കൗണ്ടന്റായ പ്രശാന്തിനെ കൈക്കൂലി കേസിൽ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ക്രെസന്റ് റോഡിലെ ഓഫീസിൽ വച്ച് സ്വകാര്യ വ്യക്തിയിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെയാണ് പ്രശാന്ത് കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് സ്വകാര്യവ്യക്തി ലോകായുക്ത പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ലോകായുക്ത പൊലീസ് കെണിയൊരുക്കി ഇയാളെ പിടികൂടുകയായിരുന്നു. പ്രശാന്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 1.7 കോടി രൂപ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്.