
ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രികളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാൻ നിർദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലന്ന് അമിത് ഷാ ഉറപ്പ നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു. സെഷൻസ് ഉത്തരവിനെതിരെ ഛത്തിസ്ഗഡ് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയിൽ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എൽഡിഎഫ് എം പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
സെഷൻസ് കോടതി വിധിക്കെതിരെ ഛത്തീസ്ഗഡ് സർക്കാർ ഹൈക്കോടതി അപ്പീൽ നല്കും. ഇതിനിടെ വിചാരണ കോടതിയിൽ ജാമ്യപേക്ഷ നല്കുമെന്നും അമിത് ഷാ പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള എല്ലാ നടപടികളും ഛത്തീസ്ഗഡ് സർക്കാരും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് യുഡിഎഫ് എംപിമാർ പ്രതികരിച്ചത്. എല്ലാ നിയമ നടപടികളും സ്വീകരിക്കും. കേസ് എൻഐഎ കോടതിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലായിരുന്നു. എൻഐഎ കോടതിയിൽ നിന്ന് കേസ് വിടുതൽ ചെയ്യിക്കേണ്ട പെറ്റീഷൻ സംസ്ഥാന സർക്കാർ തന്നെ നൽകും. ഇന്ന് ജാമ്യ അപേക്ഷ നൽകാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
ജാമ്യ അപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല. ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രേമചന്ദ്രൻ എംപി പറഞ്ഞു. അനുഭാവപൂർവമായ നിലപാടാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജാമ്യം ലഭിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സൂചന നൽകിയത്. എൻഐഎ കോടതിയിൽ വിടുതല ഹർജി നൽകാൻ ഇപ്പോൾ കഴിയില്ല. സെഷൻസ് ജഡ്ജ് ചെയ്തത് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഏകപക്ഷീയമായി സെഷൻസ് കോടതിക്ക് കേസ് എൻഐഎ കോടതിയിലേക്ക് വിടാൻ കഴിയില്ല. പാർലമെന്റിന് അകത്തു പുറത്തും ശക്തമായി യുഡിഎഫ് പ്രതിഷേധിച്ചുവെന്നും പ്രേമചന്ദ്രൻ എംപി പറഞ്ഞു.
