
മനാമ: മയക്കുമരുന്ന് ഫോട്ടോ ഫ്രെയിമില്‍ ഒളിപ്പിച്ച് ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാനി യുവാവ് അറസ്റ്റിലായി.
ഫ്രെയിം ചെയ്ത രണ്ടു വിവാഹ ഫോട്ടോകള്‍ ലിത്വാനിയയില്‍നിന്നാണ് എയര്‍ മെയില്‍ വഴി ബഹ്റൈനിലെത്തിയത്. ഫ്രെയിമുകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വണ്ണം കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ അത് പരിശോധിച്ചപ്പോള്‍ ഫോട്ടോകളുടെ പിറകുവശത്ത് നിരവധി ഷീറ്റുകള്‍ ഒട്ടിച്ചതായി കണ്ടു. അത് കീറി പരിശോധന നടത്തിയപ്പോള്‍ അതിനുള്ളില്‍ ചെറിയ കവറുകളിലായി ഒളിപ്പിച്ച നിലയില്‍ 381 ഗ്രാം കഞ്ചാവ് ഓയില്‍ കണ്ടെത്തി.
20കാരനായ ഒരു പാക്കിസ്ഥാനി വാന്‍ ഡ്രൈവറുടെ പേരിലാണ് ഫോട്ടോകള്‍ എത്തിയിരുന്നത്. യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ അതു താന്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്നതാണെന്നും ഒരു വില്പ്പനക്കാരന് നാലു ലക്ഷം പാക്കിസ്ഥാനി രൂപയ്ക്ക് (538 ബഹ്റൈന്‍ ദിനാര്‍) വില്‍ക്കാനുള്ളതാണെന്നും മൊഴി നല്കി. തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


