
മനാമ: ബഹ്റൈനില്‍നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന ടാക്സിയില്‍ ഡ്രൈവര്‍ മദ്യം ഒളിപ്പിച്ചു കടത്തിയതുമൂലം മലയാളിയായ ഗര്‍ഭിണിയടക്കമുള്ള യാത്രക്കാരും പിടിയിലായി.
ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന മലയാളി സ്ത്രീ ജോലി രാജിവെച്ച് ദമ്മാം വഴി നാട്ടിലേക്ക് പോകാനാണ് ടാക്സിയില്‍ കയറിയത്. ബഹ്റൈനിലെ ഒരു ട്രാവല്‍ ഏജന്‍സി അവരുടെ സൗദി വിസിറ്റ് വിസയും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ദമ്മാമിലേക്ക് പോകാനുള്ള ടാക്സിയും ഏര്‍പ്പാടാക്കിയിരുന്നു.
ടാക്സി ഡ്രൈവര്‍ ബഹ്റൈനില്‍നിന്ന് കുറച്ചു മദ്യക്കുപ്പികള്‍ വാങ്ങി കാറില്‍ ഒളിപ്പിച്ചുവെച്ചിരുന്നു. കിംഗ് ഫഹദ് കോസ് വേ വഴി ഇവര്‍ സൗദിയിലേക്ക് പ്രവേശിച്ചപ്പോള്‍ സൗദി കസ്റ്റംസ് അധികൃതര്‍ നടത്തിയ പതിവ് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു. മദ്യനിരോധനമുള്ള സൗദിയില്‍ മദ്യം കൈവശം വെക്കുന്നത് കുറ്റകരമാണ്.
ഡ്രൈവറോടൊപ്പം സ്ത്രീ അടക്കമുള്ള യാത്രക്കാരും അറസ്റ്റിലായി.
ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവര്ത്തകന് ഫസലുല്‍ ഹഖ് ഇടപെട്ട് സ്ത്രീയുടെ നിരപരാധിത്വം സൗദി പോലീസിനെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അവരെ വിട്ടയച്ചു.


