ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. 12 മണിക്കൂറിനിടെയാണ് അഞ്ച് ഭീകരരെ വധിക്കുന്നത്. ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ സാഹിദ് വാനി ഉള്‍പ്പെടെയുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അഞ്ച് പേരിൽ നാലു പേരെയും വധിച്ചത് പുല്‍വാമയിലെ നൈര പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ്. ഭീകരരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
മറ്റൊരു ഏറ്റുമുട്ടല്‍ നടന്നത് ബുഡ്ഗാമിലെ ക്രാരി-ഷരീഫ് മേഖലയിലാണ്. ഇവിടെ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇയാളുടെ പക്കല്‍ നിന്നും എകെ 56 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. അതേസമയം കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യുവരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ അലി മൊഹമ്മദ് ആണ് മരിച്ചത്.