
ദില്ലി: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ രാജ്യത്തിൻ്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സായി (CDF) സ്ഥാനമേറ്റെടുത്തിരിക്കുകയാണ്. സൈന്യം അട്ടിമറിയിലൂടെ നേരിട്ട് അധികാരം പിടിച്ചെടുക്കാതെ തന്നെ രാജ്യത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി സൈന്യം മാറുകയാണ് പാക്കിസ്ഥാനിൽ. പാക് ഭരണഘടനയിലെ വിവാദമായ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിച്ച ഈ പദവി, കര-വ്യോമ-നാവിക സേനകളുടെയെല്ലാം തലവനായി അസിം മുനീറിനെ നിയമിക്കുന്നു. അഞ്ച് വർഷമാണ് അദ്ദേഹത്തിൻ്റെ നിശ്ചിത കാലാവധി.
അധികാരം കേന്ദ്രീകരിക്കുന്നതിലെ മാറ്റങ്ങൾ
സൈനിക തലവന്മാരിൽ ഏറ്റവും മുതിർന്ന പദവിയായിരുന്ന ചെയർമാൻ ഓഫ് ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (CJCSC) എന്ന തസ്തിക ഭേദഗതിയിലൂടെ നിർത്തലാക്കി. 1971-ലെ ഇന്ത്യയുമായുള്ള യുദ്ധത്തിലെ പരാജയത്തിന് ശേഷം 1976-ൽ മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോ സ്ഥാപിച്ചതായിരുന്നു ഈ പദവി. സി ഡി എഫ് സ്ഥാനമേറ്റതോടെ ഈ പദവിയുടെ കാലഘട്ടം അവസാനിച്ചു. 27-ാം ഭേദഗതിയിലൂടെ കരസേനാ മേധാവിയെ മറ്റ് രണ്ട് സേനാ മേധാവികൾക്ക് മുകളിലേക്ക് ഉയർത്തുകയും രാജ്യത്തിൻ്റെ ആണവായുധ സംവിധാനങ്ങളുടെ പൂര്ണ ചുമതല നൽകുകയും ചെയ്തു. അതുപോലെ മൂന്ന് സേനകളുടെയും മൊത്തത്തിലുള്ള നിയന്ത്രണം പ്രസിഡൻ്റിലും കാബിനറ്റിലും ആയിരുന്നെങ്കിൽ അത് സിഡിഎഫിലേക്ക് മാറ്റി സ്ഥാപിച്ചു. 1947-ൽ രാജ്യം രൂപീകരിച്ചതു മുതൽ പാകിസ്ഥാൻ സൈനിക-സിവിലിയൻ ഭരണങ്ങൾക്കിടയിൽ അസ്ഥിരമായി നിൽക്കുകയാണ്. 1999-ൽ അധികാരം പിടിച്ചെടുത്ത് 2008 വരെ ഭരിച്ച പർവേസ് മുഷറഫാണ് അവസാനമായി പരസ്യമായി ഭരണം നടത്തിയ സൈനിക നേതാവ്. അതിനുശേഷം സിവിലിയൻ ഭരണകൂടങ്ങളാണ് അധികാരത്തിലെങ്കിലും രാഷ്ട്രീയത്തിലും സാമ്പത്തിക കാര്യങ്ങളിലും സൈന്യത്തിൻ്റെ സ്വാധീനം ശക്തമായി നിലനിന്നു പോന്നിരുന്നു. നിലവിലെ ഭരണത്തെ ‘ഹൈബ്രിഡ് ഭരണം’ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ച് പോരുന്നത്.
അസിം മുനീറിന്റെ വർധിച്ച അധികാരവും നിയമപരിരക്ഷയും
പുതിയ ഭേദഗതികളിലൂടെ ജനറൽ അസിം മുനീറിൻ്റെ കാലാവധി 2030 വരെ നീട്ടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സ്വാഭാവിക വിരമിക്കൽ ദിവസം ഇന്നായിരുന്നുവെങ്കിലും, കഴിഞ്ഞ വർഷം സേനാ മേധാവികളുടെ കാലാവധി മൂന്നിൽ നിന്ന് അഞ്ച് വർഷമായി ഉയർത്തിയ ഭേദഗതി അദ്ദേഹത്തിൻ്റെ വിരമിക്കൽ തീയതി 2027 നവംബർ 27 ലേക്ക് മാറ്റിയിരുന്നു. പുതിയ സി.ഡി.എഫ്. പദവി ലഭിച്ചതോടെ, 2030 വരെ അഞ്ച് വർഷത്തെ പുതിയ കാലാവധി അദ്ദേഹത്തിന് ലഭിച്ചു. ഈ മാറ്റങ്ങൾ മുനീറിന് രാജ്യത്തെ പ്രസിഡൻ്റിന് തുല്യമായ നിയമപരമായ പരിരക്ഷയാണ് നൽകുന്നത്. പ്രസിഡൻ്റിനെപ്പോലെ, ഫീൽഡ് മാർഷൽ പദവിയുള്ള അദ്ദേഹത്തിന് ഇനിമുതൽ ഏതൊരു നിയമനടപടിയിൽ നിന്നും ആജീവനാന്ത പ്രതിരോധം ലഭിക്കും. ഈ സംരക്ഷണം വ്യോമസേന, നാവിക സേന മേധാവികൾക്കും ബാധകമാണ്.


