ദില്ലി: ഇന്ത്യാ വിഭജനം രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ വേദന സമ്മാനിച്ച കാര്യമാണ്. ഇതിന്റെ പേരിൽ നിരവധി പേർ പല രാജ്യങ്ങളിലായി പോയിട്ടുണ്ട്. എന്നാൽ വിഭജനത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒരു യൂട്യൂബ് ചാനൽ പിന്തുണയും അഭയകേന്ദ്രവുമായി മാറിയിരിക്കുന്നു.
വിഭജനത്തോടെ വേര്‍പിരിക്കപ്പെട്ട ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പഞ്ചാബി ലെഹർ എന്നാണ് ചാനലിന്റെ പേര്. ഇതിനകം തന്നെ പലരും ഒരുമിച്ചു കഴിഞ്ഞു.
പഞ്ചാബി ലെഹറിന് ഇന്ത്യയിലും പാകിസ്താനിലുമായി ആയിരക്കണക്കിന് അനുയായികളുണ്ട്. 38 കാരനായ നസീർ ധില്ലനാണ് ചാനലിന് പിന്നിൽ . 2016 ലാണ് ധില്ലൻ ഒരു സുഹൃത്തിനൊപ്പം ചാനൽ ആരംഭിച്ചത്. അതിനുശേഷം, ചാനൽ നിരവധി ആളുകളെ ഒരുമിപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ കഴിയാത്ത എല്ലാവർക്കും ഇത് വലിയ ആശ്വാസമായിരുന്നു. അതിർത്തി കടന്ന് പ്രിയപ്പെട്ടവരെ കാണണമെന്ന് ഉണ്ടെങ്കില്‍ വലിയ ബുദ്ധിമുട്ടായിരിക്കുന്ന സമയത്താണ് ഒരു യൂട്യൂബ് ചാനൽ ഇത്തരമൊരു കാര്യം സാധ്യമാക്കിയത്.