
മനാമ: ബഹ്റൈനിലെ അറാദില്‍ രണ്ടുപേരുടെ മരണത്തിനും ആറുപേര്‍ക്ക് പരിക്കേല്‍ക്കുന്നതിനുമിടയാക്കിയ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനത്തില്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം പൂര്‍ത്തിയാക്കി. ഗുരുതരമായ സുരക്ഷാലംഘനമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ റസ്റ്റോറന്റ് ഉടമയെ വിചാരണ ചെയ്യും.
സ്ഥാപനത്തിന്റെ ഉത്തവാദിത്തമുള്ള വ്യക്തി നിര്‍ണായക സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും നിര്‍ബന്ധിത ഉപകരണങ്ങള്‍ സ്ഥാപിച്ചില്ലെന്നും മുഹറഖിലെ പ്രോസിക്യൂഷന് ഉപമേധാവി പറഞ്ഞു. സിവില്‍ ഡിഫന്‍സ് അധികൃതരില്‍നിന്ന് അനുമതി ലഭിക്കുന്നതിനു മുമ്പ് നിയമവിരുദ്ധമായാണ് സ്ഥാപനം തുറന്നത്. താഴത്തെ നിലയിലെ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ ശക്തമായ സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. അകത്തുണ്ടായിരുന്നവര്‍ക്ക് ഒരുതരത്തിലും രക്ഷപ്പെടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
റസ്റ്റോറന്റ് ഉടമയ്ക്കെതിരെ കുറ്റപത്രം തയാറാക്കി വിചാരണയ്ക്കായി ക്രിമിനല്‍ കോടതിയിലേക്ക് അയച്ചിട്ടുണ്ട്.
