![](https://ml.starvisionnews.com/wp-content/uploads/2024/11/shifa-al-jazeera-bahrain-starvision-news-2-1024x85.png)
മനാമ: ഫലസ്തീന് വിഷയവുമായി ബന്ധപ്പെട്ട് കെയ്റോയില്‍ അടിയന്തര അറബ് ഉച്ചകോടി നടത്തുന്നതിന് ബഹ്റൈന്‍ പിന്തുണ നല്‍കുന്നതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിക്ക് (ബി.എന്‍.എ) നല്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അറബ് രാജ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ കൂടിയാലോചനകള്‍ തുടരേണ്ടതുണ്ടെന്ന് ഡോ. അല്‍ സയാനി പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കുക, ഗാസയില്‍ വെടിനിര്‍ത്തല്‍ നിലനിര്‍ത്തുക, സാധാരണക്കാര്‍ക്ക് മാനുഷിക സഹായത്തിനായി അടിയന്തര പ്രവേശനം സാധ്യമാക്കുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍.
ഫലസ്തീന് വിഷയത്തില്‍ അറബ് നിലപാട് ഉറച്ചതും ഏകീകൃതവുമായി തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവരുടെ ഭൂമിയില്‍നിന്ന് അവര്‍ കുടിയിറക്കപ്പെടുന്നത് തടയുക, പൂര്‍ണ്ണ പരമാധികാരമുള്ള ഒരു സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുക, അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി ഇസ്രായേലുമായി സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാക്കുക എന്നിവയെ ആശ്രയിച്ചിരിക്കും മിഡില്‍ ഈസ്റ്റിലെ സമഗ്ര സമാധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
![](https://ml.starvisionnews.com/wp-content/uploads/2024/08/shifa-al-jazeera-bahrain-starvision-news-1024x1024.jpg)