
മനാമ: അറബ് ഫെഡറേഷന് ഫോര്‍ സ്പോര്‍ട്സ് കള്‍ചര്‍, 2024ലെ മികച്ച അറബ് ഒളിമ്പിക് സംഘടനയായിയായി ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയെ (ബി.ഒ.സി) തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ കായിക നേട്ടങ്ങള്‍, ഭരണപരമായ വിജയങ്ങള്‍, മികച്ച സംരംഭങ്ങള്‍ എന്നിവ കണക്കിലെടുത്താണ് അവാര്‍ഡ്.
അറബ് ഫെഡറേഷന് ഫോര്‍ സ്പോര്‍ട്സ് കള്‍ചര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റും ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഫോര്‍ സ്പോര്‍ട്സ് കള്‍ചര്‍ അംഗവുമായ അഷ്റഫ് മഹ്്മൂദ്, ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബി.ഒ.സി. പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.
അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ജി.എ.സ്എ. സി.ഇ.ഒ. ഡോ. അബ്ദുറഹ്്മാന് അസ്കര്‍, ബി.ഒ.സി. സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹേജി എന്നിവര്‍ പങ്കെടുത്തു;
ഈ അംഗീകാരത്തില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അഭിമാനം പ്രകടിപ്പിച്ചു. 2024ലെ പാരീസ് ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണ്ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ നാലു മെഡലുകള്‍ നേടി ബഹ്റൈന്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നതിലേക്ക് നയിച്ച കമ്മിറ്റിയുടെ നേട്ടങ്ങളെയും പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
