
കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാര്‍ മലയാള സിനിമയിലെ വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടന് മുകേഷിന്റെ കാര്യത്തില്‍ ഉചിത തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും കാസര്‍കോട് പാര്‍ട്ടി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2013ലെ ലളിതകുമാരി-ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിധി മായാതെ കിടപ്പുണ്ടെന്നാണ് മുകേഷിന്റെ കാര്യം ചോദിച്ചപ്പോള്‍ ബിനോയ് വിശ്വം പറഞ്ഞത്. ഒരു പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ ഇടണമെന്നത് പൊലീസിന്റെ പ്രാഥമിക കടമയാണ്. സുപ്രീംകോടതിയുടെ വിധി മാഞ്ഞിട്ടില്ല. അതുകൊണ്ട് മുകേഷിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിത തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ട്.

മുകേഷിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സുരേഷ് ഗോപിയെയും ബിനോയ് വിശ്വം പരിഹസിച്ചു. സുരേഷ് ഗോപി ഇപ്പോഴും ‘ഓര്‍മയുണ്ടോ ഈ മുഖം, ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന അവസ്ഥയിലാണ്. അദ്ദേഹം ഒരു ജനപ്രതിനിധിയുടെ മാന്യതയും അന്തസ്സും കാണിക്കണം. ചലച്ചിത്ര മേഖല വേട്ടക്കാര്‍ അഴിഞ്ഞാടുന്ന മേഖലയായി. ഡബ്ല്യുസിസി ഉണ്ടായ കാലംമുതല്‍ സിപിഐ അവര്‍ക്കൊപ്പമാണ്. അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണ്. ഈ സംഘടനയിലെ ചിലരാണ് മലയാളം കണ്ട ഏറ്റവും വലിയ നടനായ തിലകനെയും സംവിധായകനായ വിനയനെയും വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു.
