ന്യൂഡല്‍ഹി: കേരള ഫിഷറീസ് സർവകലാശാല വിസി നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി കേരള സർക്കാരും. വൈസ് ചാന്‍സലര്‍മാരുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ സംബന്ധിച്ചോ തിരഞ്ഞെടുപ്പ് സമിതിയെ സംബന്ധിച്ചോ പാർലമെന്റ് നിയമം പാസാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്.
മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന്റെ നിയമോപദേശം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്ഥാപനം തയാറാക്കിയ യു.ജി.സി ചട്ടങ്ങൾ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തേക്കാൾ പ്രധാനമല്ലെന്നാണ് സർക്കാരിൻ്റെ പ്രധാന വാദം. 2010-ൽ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിൽ കുഫോസ് വി.സിയുടെ നിയമനം വിശദീകരിച്ചിട്ടുണ്ട്. അതിനാൽ കുഫോസ് വിസി തിരഞ്ഞെടുപ്പിന് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2018ലെ യു.ജി.സി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാൻസലറായി നിയമിച്ചതെന്ന കാരണത്താലാണ് നിയമനം ഹൈക്കോടതി റദ്ദാക്കിയത്.