ന്യൂഡല്‍ഹി: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ. രാജശ്രീ എം.എസിന്റെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി. വൈസ് ചാൻസലർ നിയമനത്തിനായി പാനൽ ചാൻസലർക്ക് കൈമാറുന്നതിന് പകരം ഒരാളുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് എം.ആർ. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറയുന്നതിനായി മാറ്റി വച്ചു.
വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ ശ്രീജിത്ത് പി.എസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2013ലെ യുജിസി ചട്ടങ്ങളുടെ ലംഘനമാണ് നിയമനമെന്ന് ശ്രീജിത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, 2013ലെ യു.ജി.സി ചട്ടപ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ അധികാരമുണ്ടെന്ന് രാജശ്രീയുടെയും സംസ്ഥാന സർക്കാരിന്റെയും അഭിഭാഷകർ ചൂണ്ടിക്കാട്ടി. യു.ജി.സിയുടെ അനുമതിയോടെയാണ് നിയമനം നടത്തിയതെന്നും രാജശ്രീയുടെ യോഗ്യതയെച്ചൊല്ലി ആർക്കും തർക്കമില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.
യുജിസി ചട്ടപ്രകാരം വൈസ് ചാൻസലർ നിയമനത്തിനായി ഒന്നിലധികം പേരുകളുള്ള പാനലാണ് ചാൻസലർക്ക് കൈമാറേണ്ടത്. പക്ഷേ, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിനായി ഒരാളുടെ പേര് മാത്രമാണ് ചാൻസലർക്ക് കൈമാറിയിട്ടുള്ളതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് ചട്ടലംഘനമാണെന്നും കോടതി പറഞ്ഞു.