
താമരശ്ശേരി: അഞ്ചു വര്‍ഷത്തോളം അദ്ധ്യാപികയായി ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കട്ടിപ്പാറ വളവനാനിക്കല്‍ അലീന ബെന്നിക്ക് ഒടുവില്‍ നിയമന അംഗീകാരം.
മാര്‍ച്ച് 15നാണ് അലീനയെ എല്‍.പി.എസ്.ടി. ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നല്‍കിയത്. അലീന മരിച്ച് 24 ദിവസത്തിനു ശേഷമാണിത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ശമ്പള സ്കെയില്‍ പ്രകാരമുള്ള നിയമനത്തിനു പകരം പ്രതിദിനം 955 രൂപ നിരക്കില്‍ ദിവസവേതന വ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശ്ശേരി എ.ഇ.ഒ. നിയമന നടപടി അംഗീകരിച്ച് സമന്വയ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് അംഗീകാര ഉത്തരവ് മാനേജ്മെന്റായ താമരശ്ശേരി രൂപത കോര്‍പറേറ്റ് എജുക്കേഷന്‍ ഏജന്‍സിക്ക് ലഭിച്ചത്.
കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി. സ്കൂളിലേക്ക് മാറ്റി നിയമിച്ച 2024 ജൂണ്‍ അഞ്ച് മുതല്‍ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതനവും അനുബന്ധ ആനുകൂല്യങ്ങളും മാത്രമാണ് അലീനയുടെ കുടുംബത്തിനു ലഭ്യമാകുക. അതിനു മുമ്പ് നസ്രത്ത് എല്‍.പി. സ്കൂളില്‍ 2019 ജൂണ്‍ 17 മുതല്‍ ഡിസംബര്‍ 31 വരെ താല്കാലിക അടിസ്ഥാനത്തിലും കെ ടെറ്റ് യോഗ്യത നേടിയ ശേഷം 2021 ജൂലൈ 22 മുതല്‍ പ്രൊബേഷണറി എല്‍.പി.എസ്.ടിയായും ജോലി ചെയ്തതിന് നിയമന അംഗീകാരം നില്കിയിട്ടില്ല. അതിനാല്‍ ആ കാലയളവിലെ വേതനവും ആനുകൂല്യവും ലഭിക്കില്ല.
കഴിഞ്ഞ ഫെബ്രുവരി 19നാണ് അലീന ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമന അംഗീകാരം നല്‍കാത്തതിന് താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും പരസ്പരം പഴിചാരുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.
