തിരുവനന്തപുരം: കുറി തൊടുന്നവരെ മൃദുഹിന്ദുത്വമെന്ന് പറഞ്ഞ് അകറ്റി നിർത്തരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവന തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എം പി. വിയോജിപ്പ് വ്യക്തമാക്കിയ രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് ഒരു സാമുദായിക സംഘടനയല്ലെന്ന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ കോൺഗ്രസ് സംഘടനാ സംവിധാനത്തിനെതിരെയും അദ്ദേഹം തുറന്നടിച്ചു. കേരളത്തിലെ സംഘടനാ സംവിധാനം തികച്ചും നിഷ്ക്രിയമായ അവസ്ഥയിലാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടന്നില്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകും. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന സംവിധാനമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വോട്ടുബാങ്കിലെ ചോർച്ച കോൺഗ്രസ് തിരിച്ചറിയണമെന്ന് നേതൃത്വത്തെ ഓർമിപ്പിക്കുകയായിരുന്നു ആന്റണിയുടെ പ്രസംഗത്തിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ആന്റണിയുടെ പ്രസ്താവനയുടെ പൊരുൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണെന്നും സതീശൻ വ്യക്തമാക്കി. ആന്റണിയുടെ വാക്കുകളെ പിന്തുണച്ച് കെ മുരളീധരനും രംഗത്തെത്തിയിരുന്നു.