
പത്തനംതിട്ട: കോണ്‍ഗ്രസിന്റെ ‘സമരാഗ്നി’ ജാഥയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണ യോഗത്തിനിടയിലെ പ്രസംഗത്തിൽ നാക്കുപിഴച്ച് ആന്റോ ആന്റണി എം.പി. പ്രസംഗത്തിനിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പകരം കെ. സുരേന്ദ്രന് എന്നാണ് എം.പി പരാമർശിച്ചത്. സദസ്സില്‍ നിന്നും ബഹളമുയര്ന്നതോടെയാണ് ആന്റോ ആന്റണിക്ക് തന്റെ നാക്കുപിഴച്ചത് ബോധ്യമായത്. ‘സമരാഗ്നിയുടെ നായകന്, കെ.പി.സി.സിയുടെ അധ്യക്ഷന്‍ ബഹുമാന്യനായ കെ. സുരേന്ദ്രന് അവര്‍കളേ’ പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് സദസ്സില്‍നിന്നും പ്രവര്‍ത്തകര്‍ തെറ്റ് ചൂണ്ടിക്കാട്ടി. ഇതോടെ, അമളി തിരിച്ചറിഞ്ഞ എം.പി ഉടൻ തന്നെ കെ. സുധാകരന് എന്ന് പേര് തിരുത്തി പറഞ്ഞു. കെ. സുധാകരൻ വേദിയിലിരിക്കെയായിരുന്നു ആന്റോ ആന്റണിയുടെ നാക്കുപിഴ.


