ന്യൂഡല്‍ഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സിഎഎ, എൻആർസി, യുഎപിഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് കോടതി റദ്ദാക്കി. വിവിധ വകുപ്പുകൾ പ്രകാരം ആനി രാജയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹി പട്യാല ഹൗസ് കോടതിയാണ് റദ്ദാക്കിയത്. പൊലീസ് ഹാജരാക്കിയ തെളിവുകൾ ആനി രാജയെ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2021 ഡിസംബർ 16ന് ജന്തർമന്ദറിൽ വിവിധ വനിതാ സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനാണ് രാജയ്ക്കെതിരെ കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ പ്രതിഷേധത്തിനിടെ സാമൂഹിക അകലം പാലിക്കാത്തതിന് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകൾ പ്രകാരവും നിരോധനാജ്ഞ ലംഘിച്ചതിനും ഡൽഹി പോലീസ് കേസെടുത്തിരുന്നു.
എന്നാൽ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ആനി രാജ സാമൂഹിക അകലം പാലിച്ചില്ലെന്ന കുറ്റപത്രത്തിലെ പരാമർശം തെറ്റാണെന്ന് കണ്ടെത്തി. സമരത്തിൽ പങ്കെടുത്ത മറ്റ് അംഗങ്ങളിൽ നിന്ന് മാറി വേദിയിൽ സി.പി.ഐ നേതാവ് സംസാരിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ, ദുരന്ത നിവാരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കുറ്റം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. പ്രതിഷേധ സമയത്ത് ജന്തർ മന്തറിൽ നിരോധനാജ്ഞ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.