
ലോസാഞ്ചലസ്: ദിവസങ്ങളായി കാട്ടുതീ വലിയ നാശമാണ് കാലിഫോർണിയയിൽ വിതയ്ക്കുന്നത്. കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ഇതിനിടെ വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമായി ഒരു പിങ്ക് നിറമുള്ള പൗഡർ തീപിടിത്തം ഉണ്ടാകുന്ന സ്ഥലത്തേക്ക് വിതറുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പലരും അതിശയത്തോടെയാണ് ഇതിനെ കാണുന്നത്. എന്താണ് ഈ പിങ്ക് പൗഡർ എന്ന് അറിയാമോ. ഫോസ്-ചെക്ക്’ മിശ്രിതമാണിത്. ഇത് എങ്ങനെയാണ് തീ അണയ്ക്കാൻ സഹായിക്കുന്നതെന്ന് നോക്കിയാലോ?വെള്ളം, അമോണിയം നൈട്രേറ്റ്, അമോണിയം പോളിഫോസ്ഫേറ്റ്, ഡൈ അമോണിയം സൾഫേറ്റ്, ഗുവാർ ഗം, അറ്റാപൾഗസ് ക്ലേ എന്നിവ ചേരുന്നതാണ് ഫോസ്-ചെക്ക്’ മിശ്രിതം. ഇത് താഴെയുള്ള വസ്തുക്കളിൽ വിതറും. അതുവഴി ഓക്സിജനുമായുള്ള രാസപ്രവർത്തനം തടയുകയും തീപിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ലക്ഷ്യസ്ഥാനത്ത് വീണെന്ന് അറിയുന്നതിന് ഫോസ് ചെക്കിന് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. ലോസാഞ്ചലസിൽ പ്രധാന സ്ഥലങ്ങളിൽ മിശ്രിതം വിതറിയെന്നാണ് റിപ്പോർട്ട്.

പിങ്ക് നിറത്തിലായ പ്രദേശങ്ങളുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.1960 മുതൽ അമേരിക്കൻ കമ്പനിയായ പെരിമേറ്റർ സൊലൂഷൻ ഉത്പാദിപ്പിക്കുന്ന ഫോസ് ചെക്ക് പ്രധാന അഗ്നി പ്രതിരോധ വസ്തുവെന്ന രീതിയിൽ ലോകത്താകമാനം ഏറെ പ്രശസ്തമാണ്. നേരിട്ട് തീയിലേക്ക് സ്പ്രേ ചെയ്യുന്നതിന് പകരം തീപിടിക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മുൻകൂട്ടി സ്പ്രേ ചെയ്യുന്നു. വെള്ളത്തെപ്പോലെ പെട്ടെന്ന് വറ്റിപ്പോകില്ലെന്നതുകൊണ്ട് ഏത് സമയത്തും ഇത് ഉപയോഗിക്കാനും കഴിയും.എന്നാൽ ഫോസ് ചെക്കിന്റെ വ്യാപകമായ ഉപയോഗം പാരിസ്ഥിക ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാമെന്ന് വിദഗ്ധർ പറയുന്നു. ഇതിലടങ്ങിയ രാസവസ്തുക്കൾ ജലസ്രോതസുകളെയടക്കം മലിനമാക്കാൻ സാദ്ധ്യതയുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ലോസാഞ്ചലസിൽ ലഭിക്കുന്നതിൽ വച്ച് ഏറ്റവും ഫലപ്രദമായ വസ്തുവാണ് ഫോസ്ചെക്ക് എന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
