ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്ത്യയിൽ ഒരു കൊറോണ വാക്സിന് കൂടി പരീക്ഷണാനുമതി നൽകി. രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ള ആറ് വാക്സിനുകൾക്ക് പുറമെയാണിത്. കേന്ദസർക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ജനോവ കമ്പനിയാണ് വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ ആഴ്ചയാണ് പരീക്ഷണാനുമതി നൽകിയതെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു.
ഫൈസർ വാക്സിന്റെ അതേ സാങ്കേതിക വിദ്യയാണ് ജനോവ കമ്പനി വികസിപ്പിച്ച വാക്സിനും പിന്തുടരുന്നത്. എന്നാൽ ഫൈസറിൽ നിന്നും വ്യത്യസ്തമായി ഈ വാക്സിൻ സാധാരണ ശീതീകരണ സംവിധാനങ്ങളിൽ സൂക്ഷിക്കാൻ കഴിയും. വിവിധ ഘട്ടങ്ങളിലുള്ള വാക്സിൻ പരീക്ഷണങ്ങളാണ് നിലവിൽ രാജ്യത്ത് നടക്കുന്നത്. ഇവയിൽ കൊവിഷീൽഡും കൊവാക്സിനും ഫൈസറും രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്.
പൂനെയിലെ സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ കൊവിഷീൽഡാണ് രാജ്യത്ത് വികസിപ്പിക്കുന്ന വാക്സിനുകളിൽ ഒന്നാമത്തേത്. ഐസിഎംആറുമായി സഹകരിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്സിനാണ് രണ്ടാമത്തേത്. ബയോടെക്നോളജി ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് അഹമ്മദാബാദിലെ കാഡില ഹെൽത്ത് കെയർ ലിമിറ്റഡിന്റെ സൈക്കോവ് ഡിയാണ് മൂന്നാമത്തേത്. റഷ്യയുടെ സ്പുട്നിക് വി ആണ് നാലാമത്തേത്.
നോവാവാക്സുമായി സഹകരിച്ച് പൂനെയിലെ സെറം ഇൻസ്റ്റിറ്റിയൂട്ട് നിർമ്മിക്കുന്ന എൻവിഎക്സ് കോവ് 2373 ആണ് അഞ്ചാമത്തെ വാക്സിൻ. അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ് നിർമ്മിക്കുന്ന വാക്സിനാണ് പരീക്ഷണ ഘട്ടത്തിലുള്ള ആറാമത്തെ വാക്സിൻ. ഇത് കൂടാതെയാണ് ജനോവ കമ്പനിയുടെ വാക്സിനും ഇന്ത്യ പരീക്ഷണാനുമതി നൽകിയത്.