മനാമ: ‘ദി മാജിക്കൽ സ്റ്റോൺ’ എന്ന തന്റെ ചെറുകഥ ഒൺലൈനിൽ പ്രകാശിതമായതിന്റെ ആവേശത്തിലാണ് അനികൈറ്റ് ബാലൻ. ചെന്നൈ ആസ്ഥാനമായ നോഷൻ പ്രസാണ് കഴിഞ്ഞദിവസം അനികൈറ്റിന്റെ കഥ പ്രസിദ്ധപ്പെടുത്തിയത്. ഏഷ്യൻ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയായ അനികൈറ്റ് ചെറുപ്പത്തിലേ വായനയുടെയും വരകളുടെയും ലോകത്താണ്. വായന, ചിത്രരചന, കവിത മുതലായവയിൽ ചെറുപ്പം തൊട്ടേ കൂടുതൽ സമയം ചെലവഴിച്ചിരുന്നു അനികൈറ്റ്.
ഒരു വർഷമെടുത്താണ് ‘ദി മാജിക്കൽ സ്റ്റോൺ’ എഴുതി പൂർത്തിയാക്കിയത്. എല്ലാ പിന്തുണയുമായി മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. പുസ്തകം ഇപ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട് പ്രസാധകരുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു സാഹസിക കഥയാണ് ‘ദി മാജിക്കൽ സ്റ്റോണി’ന്റെ ഇതിവൃത്തം. സെഗല്ല എന്ന കഥാപാത്രം രാത്രി ബെഡ്റൂമിൽനിന്ന് ഒരു മാജിക്കൽ രാജ കൊട്ടാരത്തിൽ എത്തിപ്പെടുന്നു. അവിടന്ന് മോഷണം പോയ ഒരു മാന്ത്രികക്കല്ല് കണ്ടെത്തുകയെന്ന സാഹസികത വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറുന്നത് എഴുത്തുകാരൻ ആസ്വാദകരമായി വിവരിച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരായ എം. മുകുന്ദൻ, അമ്രിത് ലാൽ, രൂപ പൈ തുടങ്ങിയവർ ‘ദി മാജിക്കൽ സ്റ്റോണി’ന് പ്രശംസിച്ചിരുന്നു.
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനും റോയൽ കോർട്ട് ഷെഫുമാണ് അനികൈറ്റിന്റെ പിതാവ് യു.കെ. ബാലൻ. മാതാവ്: ശ്രീഷ, സഹോദരൻ: അകുൽ അങ്കജ്. വടകര ഓർക്കാട്ടേരി സ്വദേശിയാണ്.