തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ എന്ന് കേൾക്കുമ്പോൾ മനസ്സിൽ പതിയുന്ന യൂറോപ്പ്യൻ രാജ്യങ്ങളിലെ ദീപാലങ്കാരങ്ങളും ആഘോഷങ്ങളും ഇനി തിരുവനന്തപുരത്തും കാണാം. യൂറോപ്പ്യൻ രാജ്യങ്ങളിലെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കേരള വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ കനകക്കുന്ന് കൊട്ടാര പരിസരം വൈദ്യുത ദീപാലങ്കരിതമാക്കിക്കഴിഞ്ഞു.
പ്രായഭേദമന്യേ കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് സന്ദർശകരാണ് ദിനംപ്രതി ദീപാലങ്കാരങ്ങൾ കണ്ടാസ്വദിക്കാനും ഫോട്ടോ എടുക്കുന്നതിനുമായി കനകക്കുന്നിൽ എത്തുന്നത്. ഇന്നോളം അനന്തപുരി കണ്ട ദീപാലങ്കാരങ്ങളിൽ വെച്ച് ഏറ്റവും വൈവിധ്യം നിറഞ്ഞ ദൃശ്യവിസ്മയമാണ് ഈ തവണ വിനോദസഞ്ചാര വകുപ്പ് പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
സ്റ്റാറുകൾ, കാൻഡി സ്റ്റിക്കുകൾ, റെയിൻ ഡീറുകൾ, ബെല്ലുകൾ, ക്രിസ്തുമസ് ട്രീകൾ, നിയോൺ – ഇല്ല്യൂമിനേഷൻ ലൈറ്റുകൾ തുടങ്ങിയ ക്രിസ്തുമസ്, ന്യൂ ഇയർ തീമുകളാൽ കനകക്കുന്ന് കൊട്ടാരത്തിന്റെ ഇടത് വശത്തെ കവാടം മുതൽ മുൻവശത്തെ കവാടവും നടപ്പാതകളും വരെയും റോഡിന് കുറുകെയായി ബാലഭവൻ മുതൽ മ്യൂസിയം പോലീസ് സ്റ്റേഷൻ വരെ ക്രോസ്സ് റിംഗുകളാലും ദീപാലങ്കരിതമാക്കിയിരിക്കുകയാണ്.
മരങ്ങളിലും പുൽത്തകിടികളിലും ഒരുക്കിയ വൈദ്യുതാലങ്കാരം അവതാർ സിനിമയിലെ പണ്ടോറയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ്. ഡിസംബർ 21 ന് ബഹുമാനപ്പെട്ട വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ദീപാലങ്കാര പ്രദർശനം ജനുവരി 2 വരെ നീണ്ടു നിൽക്കും.
വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയാണ് ലൈറ്റ് ഷോ. പ്രവേശനം തികച്ചും സൗജന്യമാണ്.
കൂടുതൽ ചിത്രങ്ങൾ കാണാം ….
Photo Credits: അരുൺ കടയ്ക്കൽ