മനാമ: കവയിത്രിയായും അധ്യാപികയായും നിരാശ്രയർക്ക് അഭയം നൽകുന്ന മനുഷ്യസ്നേഹിയായും പരിസ്ഥിതി സമരങ്ങളിൽ മുൻനിര പേരാളിയായുമെല്ലാം കേരളക്കരയിൽ നിറഞ്ഞുനിന്ന സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ തിരുവനന്തപുരം ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി . മാനവികതയ്ക്ക് പുതിയ അർത്ഥ തലം നൽകി…പച്ചയായ പ്രപഞ്ച യാഥാർത്ഥ്യങ്ങളെ … പൊള്ളുന്ന തരത്തിൽ തൻ്റെ കവിതകളിലൂടെ ആവിഷ്ക്കരിച്ച കവിയത്രിയായിരുന്നു സുഗതകുമാരി. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള പോരാട്ടങ്ങളിൽ മുൻനിര പോരാളിയായിരുന്നു.
കുടിവെള്ളം സംരക്ഷിക്കൽ, പെൺകുട്ടികളെ സംരക്ഷിക്കൽ, ഭാഷയെ സംരക്ഷിക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചതാണ്. 2018ലെ ഓണം ടീച്ചർ നേതൃത്വം നൽകിയ അഭയയോടൊപ്പം ചേർന്ന് ആഘോഷിക്കുന്നതിൽ ബ്രയിനും (BRAIN) അനന്തപുരി അസോസിയേഷനും ഭാഗവാക്കാകാൻ കഴിഞ്ഞത് ഒരു നിയോഗമായി കരുതുന്നതായി ആക്ടിങ് പ്രസിഡന്റ് ദിലീപ്കുമാറും ജനറൽ സെക്രട്ടറി സന്തോഷ് ബാബുവും പറഞ്ഞു. ടീച്ചറുടെ വേർപാട് കേരളത്തിലെ സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തു തീരാനഷ്ട്ടമാണെന്ന് അനന്തപുരി അസോസിയേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.