തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂർ എംപി. പിണറായി വിജയൻ കാര്യക്ഷമതയുള്ള, വാക്ക് പാലിക്കുന്ന നേതാവാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തരൂർ മുഖ്യമന്ത്രിയെ പ്രശംസിച്ചത്.
മുഖ്യമന്ത്രിയുമായി നിരവധി തവണ സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം കാര്യങ്ങളിൽ ആശയ വ്യക്തതയുള്ളവനാണെന്നാണ് എന്റെ അനുഭവം. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ടെന്നും തരൂർ പറഞ്ഞു.
ബി.ജെ.പിക്കും എ.എ.പിക്കും പുറമെ തനിക്ക് മറ്റ് വഴികളുണ്ടെന്നും തരൂർ അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന നിരവധി രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ട്. ബി.ജെ.പിയും ആം ആദ്മി പാർട്ടിയും ഒഴികെയുള്ള പല പാർട്ടികളിൽ നിന്നും എനിക്ക് വിളി വരുന്നുണ്ട്. ഇപ്പോൾ കോൺഗ്രസിൽ തുടരാനാണ് തീരുമാനം. ബി.ജെ.പി രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്നും ശശി തരൂർ പറഞ്ഞു.