പാലക്കാട്: ‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക’ എന്ന ചൊല്ല് കേരള പൊലീസിനാണ് ഇപ്പോൾ നന്നായി ചേരുക. ജാമ്യത്തിലിറങ്ങി മുങ്ങിയ 50കാരിയെ കിട്ടാതായപ്പോൾ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത് കുനിശ്ശേരി വടക്കേത്തറ മഠത്തിൽ വീട്ടിൽ ഭാരതിയമ്മ എന്ന 84കാരിയെ. താനല്ല പ്രതിയെന്ന് ബോധ്യപ്പെടുത്താൻ ഭാരതിയമ്മ കോടതി കയറിയിറങ്ങിയത് നാലുവർഷവും.25 വർഷം മുമ്പ് കള്ളിക്കാട്ടെ വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് വയോധികയായ ഈ കുടുംബിനിയെ കുടുക്കിയത്. സാക്ഷി വിസ്താരത്തിലാണ് പ്രതി മാറിയ വിവരം കോടതിക്ക് ബോദ്ധ്യമായത്. 1998ൽ കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടിൽ ഭാരതി എന്നു പേരുള്ള യുവതി ജോലിക്ക് നിന്നിരുന്നു. വീട്ടുകാരുമായി ഭാരതി വഴക്കിടുകയും ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് പൊലീസ് കേസെടുത്ത് ഭാരതിയെ അറസ്റ്റും ചെയ്തു. പിന്നാലെ ജാമ്യത്തിൽ ഇറങ്ങിയ ഇവർ മുങ്ങി.കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോൾ പഴയ കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി വടക്കേത്തറ മഠത്തിൽ വീട് ഭാരതിക്ക് പകരം ഭാരതിയമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2019ലാണിത്. കാര്യമെന്തെന്നറിയാതെ പരിഭ്രമിച്ച ഭാരതിയമ്മ പറഞ്ഞതൊന്നും പൊലീസ് ചെവിക്കൊണ്ടില്ല. പേരിന്റെയും വിലാസത്തിന്റെയും സാമ്യം മാത്രമായിരുന്നു പാലക്കാട് സൗത്ത് പൊലീസിന്റെ തെളിവ്! വീഴ്ച മനസിലാക്കാൻ ആർക്കും കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും ചെറിയൊരു അന്വേഷണം നടത്താൻ പോലും പൊലീസ് തയ്യാറായില്ല. പ്രതിയെക്കുറിച്ച് ഇപ്പോഴും പൊലീസിന് ഒരു വിവരവും ഇല്ല.കഥയുടെ ട്വിസ്റ്റ്തമിഴ്നാട്ടിൽ എൻജിനിയറായിരുന്നു ഭാരതിയമ്മയുടെ ഭർത്താവ്. അദ്ദേഹം ജീവിച്ചിരിപ്പില്ല. ഇവർക്ക് മക്കളുമില്ല. ഒറ്റയ്ക്കാണ് താമസം. ഭാരതിയമ്മയുടെ അകന്ന ബന്ധുവാണ് ഒർജിനൽ പ്രതി ഭാരതി. ഭാരതിയമ്മയുടെ കുടുംബവുമായി ഭാരതിക്ക് 1994ൽ ഒരു സ്വത്തുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ പകപോക്കുന്നതിന് തെറ്റായ വിലാസം നൽകി ഭാരതിയമ്മയെ കുടുക്കിയതാകാമെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.തെളിവ് കണ്ടെത്തിയതും ഭാരതിയമ്മപൊലീസ് ജയിലിലാക്കുമെന്ന് തിരിച്ചറിഞ്ഞ ഭാരതിയമ്മ കേസിലെ പരാതിക്കാരെ കണ്ടെത്തി കോടതിയിൽ എത്തിച്ചു. 84കാരിയായ ഭാരതിയമ്മയല്ല വീട്ടിൽ ജോലിയ്ക്ക് വന്നതെന്നും കേസുമായി മുന്നോട്ടുപോവാൻ താത്പര്യമില്ലെന്നും പരാതിക്കാർ കോടതിയെ അറിയിച്ചു. ജോലിയ്ക്ക് വന്നിരുന്ന ഭാരതിയ്ക്ക് നിലവിൽ 50 വയസിനടുത്ത് പ്രായമേ ഉണ്ടാകൂ. പിതാവിന്റെ വീട്ടിൽ അതിക്രമം കാണിച്ചെന്നുകാട്ടിയാണ് രാജഗോപാൽ പരാതി നൽകിയിരുന്നത്. അച്ഛന്റെ നിർബന്ധപ്രകാരമാണ് പരാതി നൽകിയതെന്നും അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും രാജഗോപാൽ കോടതിയെ അറിയിച്ചു. അങ്ങനെയാണ് ഭാരതിയമ്മ രക്ഷപെട്ടത്.ഒരിടത്തും വീട്ടുജോലി ചെയ്തിട്ടില്ലെന്നും ഏറെ നാളായി തമിഴ്നാട്ടിലായിരുന്നെന്നും പറഞ്ഞെങ്കിലും കേൾക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ഭാരതിയമ്മ പറഞ്ഞു. പ്രതി ഭാരതിയ്ക്ക് നേരത്തെയുണ്ടായിരുന്ന വ്യക്തിവൈരാഗ്യം മൂലം തന്റെ അഡ്രസ് നൽകിയതാകാം. പൊലീസ് ഒന്നും അന്വേഷിച്ചില്ല. കേസിൽ നിന്നൊഴിവാകാൻ ഏറെ അലയേണ്ടി വന്നുവെന്ന് ഭാരതിയമ്മ പറയുന്നു.വലിയ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് ഭാരതിയമ്മയുടെ അഭിഭാഷകനായ കെ.ഗിരീഷ് നെച്ചുള്ളി പറഞ്ഞു. കൃത്യമായ അന്വേഷണം നടത്താതെയാണ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്തത്. പരാതിക്കാർ കോടതിയിൽ വന്ന് ഇവരല്ല പ്രതിയെന്ന് മൊഴി നൽകിയതിനാലാണ് കേസൊഴിവായതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
Trending
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ
- കുറ്റകൃത്യത്തില്‍ പങ്കില്ല: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി
- അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു