
തൃശൂര്‍: അമീബിക് മസ്തിഷ്കജ്വര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളം അടച്ചിടുന്നതിന് ദേവസ്വത്തോട് നിര്‍ദേശം നല്കാന് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ പൊതു കുളങ്ങള്‍ നേരത്തെ അടച്ചതാണ്. മുങ്ങി കുളിക്കുന്നത് വഴി രോഗബാധ ഇല്ലാതാക്കാന്‍ സ്വകാര്യ കുളങ്ങളും സ്വിമ്മിങ് പൂളുകളും ഉപയോഗിക്കരുതെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താത്തത് സംബന്ധിച്ച ചര്‍ച്ച കൗണ്‍സിലില്‍ കത്തിക്കയറി. കൗണ്‍സിലര്‍മാര്‍ വൈദ്യുതി പോസ്റ്റുകളില്‍ കയറി ബള്‍ബുകള്‍ ശരിയാക്കേണ്ട അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ കുറ്റപ്പെടുത്തി.
അറ്റകുറ്റപ്പണിക്ക് തയ്യാറാകാത്ത കരാറുകാരനെതിരേ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഉദയന്‍ ആവശ്യപ്പെട്ടു. കരാറുകാരന് നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്നും ചെയര്മാന് എം. കൃഷ്ണദാസ് അറിയിച്ചു. ഉടന്‍ തന്നെ അറ്റകുറ്റപണി നടത്തണമെന്ന് കരാറുകാരന് നഗരസഭാ സെക്രട്ടറി അവസാനവട്ട നോട്ടീസ് നല്‍കും. ഓവര്‍സിയറുടെ മേല്‍നോട്ടത്തില്‍ അറ്റകുറ്റപ്പണി നടത്തും.
ഇതിന് കഴിഞ്ഞില്ലെങ്കില്‍ കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിക്കേണ്ടി വരുമെന്നും ചെയര്മാന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസന സദസിന് പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെ നാലുലക്ഷം അനുവദിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നവ കേരള സദസിന് ശേഷമുള്ള ധൂര്‍ത്താണിതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. റെയില്‍വേ മേല്‍പ്പാലത്തിന് താഴെ ഓപ്പണ്‍ ജിം ആരംഭിക്കുന്നതിന് ഭരണാനുമതി ലഭിക്കാനുള്ള നടപടി വേഗത്തിലാക്കാനും തീരുമാനമായി. മേല്‍പ്പാലവുമായി ബന്ധപ്പെട്ട മറ്റു പരാതികള്‍ പരിഹരിക്കുന്നതിനായി ആര്.ബി.ഡി.സി.കെ. പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം വിളിക്കാനും തീരുമാനിച്ചു.
