തിരുവനന്തപുരം: സംസ്ഥാനത്ത് താമര വിരിയുമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദിവാസ്വപ്നം മാത്രമാണെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലെ താമര കൊഴിഞ്ഞു പോയത് അമിത് ഷാ അറിഞ്ഞില്ലേയെന്നും എം.എ ബേബി ചോദിച്ചു.
കമ്യൂണിസം ലോകത്ത് നിന്ന് തകർന്നടിഞ്ഞുവെന്നത് ഒരു ദിവാസ്വപ്നം മാത്രമാണ്. കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് നിന്നിട്ടും കമ്യൂണിസ്റ്റ് സർക്കാർ അതിജീവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വളരുന്നത് എം.എല്‍.എമാരെ പണം നല്കി വാങ്ങിക്കൂട്ടിയാണെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് പട്ടികജാതി മോർച്ചയുടെ പട്ടികജാതി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.