ന്യൂഡൽഹി∙ മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ധരിപ്പിച്ചു. ഏതാനും ചില മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. മണിപ്പുരിലെ സാഹചര്യം മെച്ചപ്പെട്ടുവരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുമുൻപ് ബിരേൻ സിങ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മണിപ്പുർ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 29ന് ആരംഭിക്കും.
സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് പത്ത് കുകി എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. ബിജെപിയിൽനിന്നുള്ള എംഎൽഎമാരും ഇതിലുൾപ്പെടും. നാഗാ സമാധാന ചർച്ചകളും കാര്യമായി പുരോഗമിക്കാത്തതിനാൽ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് നാഗാ എംഎൽഎമാരും അറിയിച്ചു.