കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കണ്ണൂർ ചക്കരക്കലിലെ ആമിനയ്ക്ക് ജീവൻ നിലനിർത്താൻ 18 കോടിയുടെ ആ മരുന്ന് കിട്ടിയേ തീരു. മൂന്ന് മാസം മാത്രം പ്രായമുള്ള മകളെ ജീവതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി നല്ല മനസ്സുള്ളവരുടെ സഹായം തേടുകയാണ് ഒരു കുടുംബം. ഉപ്പയുടെ മാറിൽ പറ്റിപ്പിടിച്ച് കിടക്കുമ്പോൾ ആമിന ഇങ്ങനെ പുഞ്ചിരിച്ച് കൊണ്ടിരിക്കും.നിഷ്കളങ്കമായ ആ പുഞ്ചിരിയാണ് ഈ ഉപ്പയുടെ ജീവിതം തന്നെ. പക്ഷേ, ആ പുഞ്ചിരി ഇനി എത്ര നാളെന്ന് ഈ ഉപ്പയ്ക്കറിയില്ല.
ജനിച്ച് രണ്ട് മാസം പ്രായമായപ്പോൾ തന്നെ മകൾക്ക് എസ്എംഎ എന്ന രോഗമാണെന്ന് മനസ്സിലാക്കിയ സിദ്ദിഖും ഷബാനയും തളർന്നു. കാരണം ആദ്യമായല്ല ഇവർ ഈ രോഗത്തെ കുറിച്ച് കേൾക്കുന്നത്. കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നതിന് മുന്നേ താലോലിച്ച് വളർത്തിയ രണ്ട് മക്കളെയാണ് എസ്എംഎ ഇല്ലാതാക്കിയത്. മരണമടഞ്ഞ തന്റെ മക്കളെ ഓർത്തുള്ള ഈ അമ്മയുടെ കണ്ണീര് ഇനിയും വറ്റിയിട്ടില്ല.
ജനിച്ചയുടനെ രണ്ട് മക്കളെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇരുവർക്കും എസ്എംഎ തന്നെയായിരുന്നു. ഈ കുരുന്നിനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ച് പിടിക്കണമെന്നാണ് അമ്മ ഷബാന പറയുന്നത്. നാട്ടുകാരുടെ സഹായത്തോടെ ചികിത്സ സഹായ നിധി ആരംഭിച്ചെങ്കിലും ആവശ്യമായ തുകയുടെ ഒരു ശതമാനം പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആമിന ഇഫ്രത്ത് ചികിത്സാ സഹായ കമ്മിറ്റി
കാനറ ബാങ്ക്, ചക്കരക്കൽ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ- 110020820136 IFSC –
CNRB0004698 GPAY – 9539170140