ലൊസാഞ്ചലസ്: തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ ഡൈവിങ്ങിൽ ഇരട്ട സ്വർണ്ണ മെഡൽ നേടിയ ആദ്യ താരമായ പാറ്റ് മക്കോർമിക് അന്തരിച്ചു. തൊണ്ണൂറ്റിരണ്ടുകാരിയായ പാറ്റ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ഓറഞ്ച് കൗണ്ടിയിലെ ഒരു വയോജന കേന്ദ്രത്തിൽ പരിചരണത്തിലായിരുന്നു. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ സ്പ്രിങ് ബോർഡ്, പ്ലാറ്റ്ഫോം വിഭാഗങ്ങളിൽ യുഎസിനായി സ്വർണം നേടിയ പാറ്റ് നാലു വർഷത്തിന് ശേഷം മെൽബൺ ഒളിമ്പിക്സിലും ഈ നേട്ടം ആവർത്തിച്ചു.
1984, 1988 ഒളിമ്പിക്സുകളിൽ പുരുഷൻമാരുടെ ഡൈവിങിൽ ഇരട്ട സ്വർണം നേടിയ ഗ്രെഗ് ലുഗാനിസ് പാറ്റിന്റെ നേട്ടത്തിന് ഓപ്പമെത്തി. പ്രൊഫഷണൽ സ്പോർട്സിനോട് വിട പറഞ്ഞ ശേഷം പാറ്റ് സാഹസിക കായിക ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കിളിമഞ്ചാരോ പർവ്വതം ഉൾപ്പെടെയുള്ള കൊടുമുടികൾ കീഴടക്കുകയും ചെയ്തിരുന്നു.