
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചാൽ സമാധാനത്തിന് തയ്യാറെന്ന് ഇറാൻ. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടു വച്ചു. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം, ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ രാജ്യാന്തരതലത്തിലെ ഉറപ്പ് എന്നിവ അംഗീകരിച്ചാൽ ഈ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കിയത്. റഷ്യയിലെയും പാകിസ്ഥാനിലെയും നേതാക്കളുമായി സംസാരിച്ചപ്പോഴും താൻ ഇക്കാര്യം വ്യക്തമാക്കിയെന്ന് മസൂദ് പെസഷ്കിയാൻ പറഞ്ഞു.
‘മേഖലയിലെ സമാധാനത്തിനായുള്ള ഇറാന്റെ പ്രതിബദ്ധത ഞാൻ ഉറപ്പാക്കും. എന്നാൽ ഇസ്രയേൽ ഭരണകൂടവും യുഎസും തുടങ്ങിവെച്ച ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക എന്നതാണ്’. ഇക്കാര്യത്തിൽ ഉറപ്പുണ്ടെങ്കിൽ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. അതേസമയം ഗൾഫിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചു. പ്രമേയത്തിൽ നിന്നും റഷ്യയും ചൈനയും വിട്ടു നിന്നു. പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
ഇറാനും യുഎസുംരൂക്ഷമായ സംഘർഷം തുടരുന്നതിനിടെ പരസ്പരം ഭീഷണികൾ മുഴക്കി യുഎസും ഇറാനും രംഗത്ത് വന്നിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണയുടെ ഒഴുക്ക് തടയുന്ന തരത്തിൽ ഇറാൻ എന്തെങ്കിലും ചെയ്താൽ ഇപ്പോഴുള്ളതിനേക്കാൾ ഇരുപത് മടങ്ങ് ശക്തിയോടെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പിന്നാലെ ട്രംപിനുനേരെ ഭീഷണിയുമായി ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകൾ കടത്തിവിടില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. അമേരിക്ക, ഇസ്രായേൽ അവരുടെ സഖ്യകക്ഷി രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾ തങ്ങൾ ലക്ഷ്യം വെക്കുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വക്താവ് വ്യക്തമാക്കി


