ഭൂമിയുടെ ശ്വാസകോശം എന്ന വിശേഷണമുള്ള ഒരു അത്ഭുതമാണ് ആമസോണ്‍ മഴക്കാടുകള്‍. തെക്കന്‍ അമേരിക്കയിലെ ഒന്‍പത് രാജ്യങ്ങളിലായിട്ടാണ് ആമസോണ്‍ മഴക്കാടുകള്‍ വ്യാപിച്ച് കിടക്കുന്നത്. അഞ്ചരക്കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വനമാണിതെന്നാണ് പറയപ്പെടുന്നത്. 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലായാണ് ഈ വനമേഖല വ്യാപിച്ച് കിടക്കുന്നത്. എന്നാല്‍ ആമസോണ്‍ വനത്തിലെ മരങ്ങള്‍ കൂട്ടത്തോടെ നശിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. വരള്‍ച്ച, തീ, വന നശീകരണം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് കരകയറാനുള്ള കഴിവ് ഈ മഴക്കാടുകള്‍ക്ക് നഷ്ടമാകുന്നതായാണ് ഒരു പഠനം വ്യക്തമാക്കുന്നത്.
വായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അധികം വലിച്ചെടുക്കാന്‍ ഉഷ്ണമേഖലാ വനങ്ങള്‍ക്ക് സാധിക്കാറില്ല. ഉഷ്ണമേഖലാ വനങ്ങളുടേതിന് സമാനമായ മാറ്റമാണ് ആമസോണ്‍ മഴക്കാടുകളിലും ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇത് ആഗോളതാപനത്തിന് കാരണമായി മാറിയേക്കാമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ആമസോണിലെ മരങ്ങളുടെ ആരോഗ്യം നശിച്ചു കൊണ്ടിരിക്കുകയാണെന്നും, അവ കൂട്ടത്തോടെ നശിക്കുകയാണെന്നുമാണ് എക്സെറ്റര്‍ സര്‍വ്വകലാശാലയിലെ ഡോ.ക്രിസ് ബോള്‍ട്ടണ്‍ പറഞ്ഞത്. മൂന്ന് പതിറ്റാണ്ടുകളിലായുള്ള സാറ്റലൈറ്റ് ഡേറ്റയെ അടിസ്ഥാനമാക്കിയും ഇക്കാര്യത്തില്‍ സാധൂകരണം നടത്തിയിട്ടുണ്ട്. 1991 മുതല്‍ 2016 വരെയുള്ള സാറ്റലൈറ്റ് ഡാറ്റകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
മരങ്ങളുടെ ആരോഗ്യത്തില്‍ ഭയാനകമായ മാറ്റമാണ് സംഭവിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. വനങ്ങളുടെ പ്രതിരോധശേഷി എന്ന് നഷ്ടപ്പെടുമെന്ന് പറയാനാകില്ലെങ്കിലും, അങ്ങനെ എത്തുന്ന ഒരു ഘട്ടത്തില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
