മനാമ: ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെൻ്റ് ആന്റ് ആൾട്ടർനേറ്റീവ് സെന്റൻസിംഗ് നടപ്പിലാക്കുന്ന ഇതര ശിക്ഷാ പദ്ധതി 2024ലെ മികച്ച അറബ് സർക്കാർ സാമൂഹ്യ വികസന പദ്ധതിക്കുള്ള അറബ് ഗവൺമെൻ്റ് എക്സലൻസ് അവാർഡ് നേടി.
അറബ് ലീഗുമായി അഫിലിയേറ്റ് ചെയ്ത അറബ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ (എ.ആർ.എ.ഡി.ഒ) സംഘടിപ്പിച്ച ചടങ്ങിനിടെയാണ് അവാർഡ് സമ്മാനിച്ചത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെൻ്റ് ആന്റ് ആൾട്ടർനേറ്റീവ് സെന്റൻസിംഗ് ഡയറക്ടർ ജനറൽ ഷെയ്ഖ് ഖാലിദ് ബിൻ റാഷിദ് അൽ ഖലീഫ, ഈ സുപ്രധാന നേട്ടത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും അഭിനന്ദനങ്ങൾ അറിയിച്ചു. ഈ ബഹുമതി ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഉൾക്കാഴ്ചയുള്ള നിർദ്ദേശങ്ങൾ നൽകിയതിന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയ്ക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു.
യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള മികച്ച അറബ് ഗവൺമെൻ്റ് പ്രോജക്റ്റായി തിരഞ്ഞെടുക്കപ്പെട്ട ലാമിയ പരിപാടിക്ക് മികച്ച മന്ത്രിക്കുള്ള അവാർഡ് നേടിയതിന് ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയെയും യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖിയെയും അദ്ദേഹം അഭിനന്ദിച്ചു.
അവാർഡ് സ്പോൺസർ ചെയ്തതിന് യു.എ.ഇയെയും പ്രാദേശിക, അറബ് വികസന ശ്രമങ്ങൾ പ്രോത്സാഹിപ്പിച്ചതിന് എ.ആർ.എ.ഡി.ഒയെയും ഷെയ്ഖ് ഖാലിദ് ബിൻ റാഷിദ് അഭിനന്ദിച്ചു.