
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ നിരവധി ലൈംഗിക ആരോപണങ്ങളും പുറത്തുവന്നതിനെ തുടർന്ന് താര സംഘടനയായ അമ്മയിൽ കൂട്ട രാജി.|പ്രസിഡന്റ് മോഹന്‍ലാലടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചു വിട്ടു. ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ അമ്മയുടെ ചില ഭാരവാഹികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നു എന്ന് സംഘടന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രണ്ടു മാസത്തിനകം ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. കൂട്ടരാജിക്കു പിന്നാലെ അമ്മയുടെ ഓഫീസ് അടച്ചുപൂട്ടി.
ആരോപണങ്ങള്‍ നിരന്തരം ഉയരുന്ന സാഹചര്യത്തില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് താന്‍ തുടരുന്നില്ലെന്നും രാജിവെക്കുകയാണെന്നും മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. ലാല്‍ രാജി അറിയിച്ചതോടെ മറ്റു ഭാരവാഹികളും രാജി സന്നദ്ധത അറിയിക്കുകയും തുടര്‍ന്ന് കൂട്ട രാജിയിലൂടെ ഭരണ സമിതി പിരിച്ചുവിടാമെന്ന ധാരണയിലെത്തുകയുമായിരുന്നു.
