
മനാമ: സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന എല്ലാ ബഹ്റൈന്‍ പൗരരെയും തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിലെ വ്യോമാതിര്‍ത്തി പൂര്‍ണമായോ ഭാഗികമായോ വീണ്ടും തുറന്നതിനെ തുടര്‍ന്നാണിത് സാധ്യമായത്.
ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ നടത്തിയ അവസാന ദൗത്യത്തില്‍ തുര്ക്കുമാനിസ്ഥാനില്നിന്ന് പുറപ്പെട്ട രണ്ടു വിമാനങ്ങളിലായി ഇറാനിലുണ്ടായിരുന്ന 203 പൗരര്‍ എത്തി. ഇതിനു പുറമെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരുന്ന മറ്റു രാജ്യങ്ങളില്‍നിന്ന് 103 പൗരരും തിരിച്ചെത്തി. ഗള്‍ഫ് എയര്‍ വിമാനങ്ങളിലും വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ബസ്സുകളിലുമായാണ് ബഹ്റൈനികള്‍ തിരിച്ചെത്തിയത്.
