
ദുബായ്: ബഹ്റൈനത്തിലെ അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ നൂതന റേഡിയോളജി, ഇമേജിംഗ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഫ്യൂജിഫിലിം മിഡില്‍ ഈസ്റ്റ് എഫ്.ഇ.ഇയുമായി കരാറുണ്ടാക്കി. മേഖലയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ പ്ലാറ്റ്ഫോമുകളിലൊന്നായ വേള്‍ഡ് ഹെല്‍ത്ത് എക്സ്പോ ദുബായ് 2026ലാണ് ഈ കരാര്‍ ഔപചാരികമാക്കിയത്.
ബഹ്റൈനിലെ അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പുമായുള്ള ഫ്യൂജിഫിലിമിന്റെ ആദ്യത്തെ സമഗ്രമായ സഹകരണമാണിത്. കരാര്‍ പ്രകാരം ജി.സി.സിയിലെ ആദ്യത്തെ എ.ഐ-പവേര്‍ഡ് എം.ആര്.ഐ. സിസ്റ്റം, നൂതന സി.ടി. ഇമേജിംഗ് സാങ്കേതികവിദ്യ, ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ എക്സ്-റേ സിസ്റ്റം, ഒരു മൊബൈല്‍ എക്സ്-റേ യൂണിറ്റ് എന്നിവയുള്‍പ്പെടെ ഫ്യൂജിഫിലിമിന്റെ അത്യാധുനിക മെഡിക്കല്‍ ഇമേജിംഗ് സംവിധാനങ്ങള്‍ അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ സജ്ജീകരിക്കും. രോഗനിര്‍ണയ കൃത്യത വര്‍ധിപ്പിക്കാനും ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും രോഗികള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കാനുമാണിത്.
വേള്‍ഡ് ഹെല്‍ത്ത് എക്സ്പോ ദുബായ് 2026ല്‍ ഇരു സ്ഥാപനങ്ങളിലെയും മുതിര്‍ന്ന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഔപചാരികമായി ഒപ്പുവെച്ചത്. അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ശരത് ചന്ദ്രന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൊയ്ദിന് ബിലാല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫിറാസത്ത് ഹസ്സന്, ഫിനാന്‍സ് മാനേജര്‍ സഹല്‍ ജമാലുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. ഫ്യൂജിഫിലിം മിഡില്‍ ഈസ്റ്റ് എഫ്.ഇ.ഇയെ പ്രതിനിധീകരിച്ച് ഫ്യൂജിഫിലിം മിഡില്‍ ഈസ്റ്റ്- ആഫ്രിക്ക മെഡിക്കല്‍ ഡിവിഷന് ജനറല്‍ മാനേജര്‍ അത്സുഷി തതീഷി, മിഡില്‍ ഈസ്റ്റ്- ആഫ്രിക്ക മോഡാലിറ്റി സൊല്യൂഷന്‍സ് ഡിവിഷന് മാനേജര്‍ മുഹമ്മദ് സോക്രബ്, മെഡിക്കല്‍ സിസ്റ്റംസ് ഡിവിഷന് നേതൃത്വ ടീമിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.


