
ജയ്പുർ: രാജസ്ഥാൻ ജലവിഭവ മന്ത്രി സുരേഷ് സിംഗ് റാവത്തിന്റെ ഔദ്യോഗിക വസതിയിൽ പുള്ളിപ്പുലിയിറങ്ങിയതിനെ തുടർന്ന് ജയ്പൂരിലെ അതീവ സുരക്ഷാ മേഖലയായ വിവിഐപി സിവിൽ ലൈൻസ് ഏരിയയിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ ബംഗ്ലാവ് ഉൾപ്പെടെ നിരവധി പ്രമുഖർ താമസിക്കുന്ന മേഖലയാണിത്. രാജ്ഭവൻ, മുഖ്യമന്ത്രിയുടെ വസതി, മറ്റു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ക്വാർട്ടേഴ്സുകൾ എന്നിവയെല്ലാം ഈ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. മന്ത്രിയുടെ ബംഗ്ലാവ് പരിസരത്ത് പുതിയ കാൽപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഉടൻ തന്നെ ഒരു രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തുകയും വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. പുലി കണ്ടെത്താനായി മന്ത്രിയുടെ വസതിയിലും സമീപത്തെ ബംഗ്ലാവുകളിലും നിലവിൽ തിരച്ചിൽ തുടരുകയാണ്.
സിവിൽ ലൈൻസ് ഏരിയയിൽ പുള്ളിപ്പുലിയുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വനം വകുപ്പ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പ്രദേശം വളയുകയും ചെയ്തു. പ്രദേശവാസികൾക്കോ മൃഗത്തിനോ ദോഷകരമാകാതെ പുള്ളിപ്പുലിയെ സുരക്ഷിതമായി കണ്ടെത്താനും മയക്കുവെടി വെച്ച് പിടികൂടാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സുരക്ഷ ശക്തമാക്കി
പ്രാഥമിക വിലയിരുത്തലുകൾ അനുസരിച്ച്, പുള്ളിപ്പുലി ബംഗ്ലാവ് സമുച്ചയത്തിലെ മറഞ്ഞിരിക്കുന്ന ഭാഗത്തോ തണലുള്ള സ്ഥലത്തോ ഒളിച്ചിരിക്കാനാണ് സാധ്യത. പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അധികാരികൾ പൊലീസിനെയും വിവരമറിയിച്ചു. സുരക്ഷ ശക്തമാക്കുകയും പ്രദേശം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 21 ന് ഗോപാൽപുര ടേണിനടുത്ത് സമാനമായ ഒരു സംഭവത്തിന് ശേഷം ജയ്പൂരിലെ നഗരപരിധിക്കുള്ളിൽ പുള്ളിപ്പുലി എത്തുന്നത് ഇത് ആദ്യമായല്ല. ദുർഗ്ഗപുര, ജയ്സിംഗ്പുര, ജഗത്പുര, ഖോ-നാഗോറിയൻ, വിദ്യാധർ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ സമീപ മാസങ്ങളിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വനമേഖലയിലെ ആവാസവ്യവസ്ഥയുടെ ചുരുങ്ങലും ഇരകളുടെ കുറവുമാണ് പുള്ളിപ്പുലികളെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അടുപ്പിക്കുന്നതെന്നാണ് വന്യജീവി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എങ്കിലും, സിവിൽ ലൈൻസ് പോലുള്ള അതീവ സുരക്ഷാ മേഖലയിലേക്കുള്ള പുലിയുടെ കടന്നുകയറ്റം വനംവകുപ്പിനും നിയമ നിർവ്വഹണ ഏജൻസികൾക്കും പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.


