കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അലൻസിയറിനെതിരെ നടൻ ഹരീഷ് പേരടി. അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ഹരീഷ് പേരടി പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടും നടനെതിരെ പ്രതികരിക്കാൻ ജനപ്രതിനിധികളോ കലാസാംസ്കാരിക രംഗത്തു നിന്നുള്ളവരോ ആരും തയാറാകാത്തതിനെയും ഹരീഷ് പേരടി വിമർശിച്ചു. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയർ പ്രതികരിച്ചത്.
കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: ‘‘ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…പക്ഷേ പറഞ്ഞത് കമ്യുണിസ്റ്റ് പാവാട അലൻസിയറായി പോയി…എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് …അലൻസിയറെ..മഹാനടനെ..ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ….. അത് നിന്റെ മാനസികരോഗം മൂർച്ഛിച്ചതിന്റെ ലക്ഷണമാണ്…അതിന് ചികിൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്…അല്ലെങ്കിൽ മറ്റൊരു വഴി സ്വർണം പൂശിയ ആൺ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് …രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല …അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്…ഈ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്.’’